എംഇഎസ് കോളേജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഇഎസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മുസ്ലീം ന്യൂനപക്ഷത്തിന്റെ പേരില്‍ പരമാവധി നേടുകയും മുസ്ലിം ഐഡന്റിറ്റി ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വഞ്ചനാപരമായ നയമാണ് എംഇഎസിന്റേതെന്ന് പോസ്റ്റില്‍ പറയുന്നു. മുഖം മറച്ച വസ്ത്രം ധരിച്ച് എംഇഎസ് സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്നും ഇത് എംഇഎസിന്റെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നുമുള്ള വെല്ലുവിളിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.അതേ സമയം സര്‍ക്കുലറിനെതിരെ ‘സമസ്ത’ രംഗത്തെത്തിയിട്ടുണ്ട്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെ.പി ഫസല്‍ ഗഫൂര്‍ അറിയിച്ചു.ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കല്‍ പുതിയ സംസ്‌കാരമെന്ന് എംഇഎസ്. 99% സ്ത്രീകളും മുഖം മറയ്ക്കുന്നില്ല. അതിനു വിലക്കേര്‍പ്പെടുത്തുന്നതിനു മതസംഘടനകളോട് കൂടിയാലോചിക്കേണ്ടതില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

