തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പ് സ്വകാര്യ കുത്തക കമ്പനിയായ റിലയന്‍സിനെ ഏല്പിച്ചതിലൂടെ സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്ത് കാട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വകാര്യ കുത്തകകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും തരംകിട്ടുമ്പോഴെല്ലാം അവയെ വാരിപ്പുണരുകയും ചെയ്യുന്ന കാപട്യമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് കാര്യത്തിലും കാട്ടിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമായി പതിനൊന്നു ലക്ഷത്തോളം പേരാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ വരിക.ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബങ്ങള്‍ക്ക് വര്‍ഷം രണ്ടു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും 250 രൂപ വീതം നല്‍കണം. ഇത് വഴി വര്‍ഷം 300 കോടിയിലേറെ രൂപയാണ് റിലയന്‍സിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ പോക്കറ്റിലെത്തുക.
ഈ കരാര്‍ സംബന്ധിച്ച വിശദാംശം സര്‍ക്കാര്‍ ഇനിയും പുറത്തു വിടാത്തതും ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ കരാറിന്റെ നിബന്ധനകളും വിശദാംശങ്ങളും പൂര്‍ണ്ണമായി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

