തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ പി.എ. അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കോളേജിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളിലാണ് ഇന്ന് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലം ഇരവിപുരം സ്വദേശിയും കോളേജ് ഉടമയുമായ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. താഹയുടെ കാറും മൊബൈൽ ഫോണുമെല്ലാം സമീപത്തുണ്ട്. ഇന്നലെ കോളേജിനടുത്ത് വച്ച് ഇദ്ദേഹത്തെ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു, താഹയ്ക്ക് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹം പണം തിരികെ നൽകാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയതായും പറയപ്പെടുന്നു. നിലവിൽ താഹ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളിൽ തീ കത്തുന്നത് കണ്ടിട്ടാണ് കോളേജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്ക്കെത്തുന്നത്. ഉടൻ തന്നെ ഇവർ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന അടക്കം നടത്തിയാകും മരിച്ചയാളെ തിരിച്ചറിയുക.

