കോട്ട: രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 24 പേര്‍ മരിച്ചു. രാജസ്ഥാനിലെ ബണ്ടി ജില്ലയിലാണ് സംഭവം. കോട്ടയിലെ മെജ് നദിയിലേക്കാണ് ബസ് മറഞ്ഞത്. 28 യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ സവായ് മധോപൂരിലേക്കു പോകുകയായിരുന്നു ഇവര്‍. ലെഖരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാപ്ഡി ഗ്രാമത്തില്‍ പാലത്തില്‍ പ്രവേശിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു. പാലത്തിനു കൈവരികള്‍ ഇല്ലായിരുന്നു.
13 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 10 പേര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. മരിച്ചവരില്‍ 11 സ്ത്രീകളും മൂന്നുകുട്ടികളും ഉള്‍പ്പെടും. രാജസ്ഥാനിലെ ചാമ്പാല്‍ നദിയുടെ പോഷക നദിയാണ് മെജ്.

