തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ ദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധം ഉയരുകയാണ്. ഉത്തരേന്ത്യയിൽ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ നടത്താൻ ബിജെപി തീരുമാനിച്ചിരിക്കുന്നു. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സനാതന ധർമ്മത്തിനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നത്.
അതേസമയം പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലും വിഷയത്തിൽ ഭിന്നതരൂക്ഷമായി. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടുകഴിഞ്ഞു. കമല്‍നാഥിന്റെ പ്രസ്താവന മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നാണ് വിലയിരുത്തല്‍. സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി എസ് സിംഗ് ഡിയോയും തങ്ങളുടെ എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശ് കൂടാതെ ഛത്തീസ്ഗഡിലും ഉടന്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിവാദ പ്രസ്താവനയെ പരസ്യമായി തള്ളണമെന്നാണ് നേതാക്കളുടെ ആവശ്യം.
ഇന്ത്യ മുന്നണിയിലെ ചില ഘടകക്ഷികളും സനാതനധര്‍മ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകാന്‍ പാടില്ലായിരുന്നെന്നും രാജ്യത്ത് ഹിന്ദുക്കളുടെ അംഗസഖ്യ എത്രയാണെന്ന് കൂടി അവര്‍ ഓര്‍മിക്കണമെന്നും ശിവസേന വിമര്‍ശിച്ചു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്ന് ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ മുന്നണിക്ക് വിവാദ പ്രസ്താവന തലവേദന സൃഷ്ടിക്കുന്നുണ്ട്.

