Monday, December 22, 2025

ഗോ ഫസ്റ്റ് എയർലൈൻസ് സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 28 വരെ നീട്ടി; ഉടൻ തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അധികൃതർ

ദില്ലി : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 28 വരെ നീട്ടി. നേരത്തെ മേയ് 26 വരെ സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് അറിയിച്ചിരുന്നത്. ഉടൻ തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ബഡ്‌ജറ്റ്‌ വിമാനയാത്രകൾക്ക് പേരുകേട്ട ഗോ ഫസ്റ്റ് എയർലൈൻസ് എന്‍ജിനുകളുടെ തകരാറു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ നിലവില്‍ പാപ്പരത്ത നടപടികളിലാണ്. മേയ് മൂന്നിന്‌ സര്‍വീസ് നിര്‍ത്തിവെക്കുന്നതായി കമ്പനി അറിയിച്ചത്.

ഇതോടെ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാരുടേയും പണം തിരികെ നല്‍കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍നിര്‍ദ്ദേശം നല്‍കിയിരുന്നു. മേയ് 15 വരെ ഗോ ഫസ്റ്റ് ടിക്കറ്റ് വില്‍പനയും കമ്പനി നിര്‍ത്തിവെച്ചിരുന്നു. ഡി.ജി.സി.ഐയുടെ ഓഡിറ്റിനു ശേഷമാകും ഗോ ഫസ്റ്റ് സര്‍വീസുകള്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമാകുക.

വിമാനത്തിന്റെ എന്‍ജിന്‍ ലഭ്യമാക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ ഇന്റര്‍നാഷണല്‍ എയ്റോ എന്‍ജിന്‍ ഗുരുതര വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റിനെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത് എന്നാണ് ആരോപണം . 2019 ഡിസംബറില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി വിതരണം ചെയ്ത എഞ്ചിനുകളില്‍ ഏഴ് ശതമാനം മാത്രമായിരുന്നു തകരാറിലായത്.എന്നാൽ 2020 ഡിസംബറിലിത് 31 ശതമാനമായും 2022 ഡിസംബറില്‍ 50 ശതമാനമായും കുത്തനെ കൂടി. പുതിയ എന്‍ജിന്‍ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളും ലംഘിക്കപ്പെട്ടു.

സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ ഗോ ഫസ്റ്റ് തീരുമാനം അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധിയിലായത് കണ്ണൂർ രാജ്യാന്തര വിമാനത്താവളമാണ്. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രതിമാസം 240 സര്‍വീസുകളുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ ആഭ്യന്തര സർവീസിനായി ഇനി ഇൻഡിഗോ മാത്രമാണ് ആശ്രയം.

Related Articles

Latest Articles