Wednesday, November 25, 2026

വൈറ്റിലക്ക് സമീപം മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: വൈറ്റില എടപ്പള്ളി ഹൈവേ ബൈപാസിലെ മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് കാര്‍ റയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 8.45 നാണ് അപകടം ഉണ്ടായത്. മേല്‍പ്പാലത്തില്‍ വച്ച്‌ കാറിന് പിന്നില്‍ ലോറി ഇടിച്ചതാണ് അപകടകാരണം എന്നാണ് നിഗമനം. പാലത്തിന്‍റെ കൈവരികള്‍ തകര്‍ത്ത് കാര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍ സ്വദേശി അര്‍ജുന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനം താഴേയ്ക്ക് വീണപ്പോള്‍ റയില്‍വേ ഇലക്‌ട്രിക് ലൈന്‍ പൊട്ടി. ഇതേത്തുടര്‍ന്ന് എറണാകുളം കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇത്ര വലിയ അപകടം നടന്നിട്ടും കാറോടിച്ചിരുന്ന ഡോ അര്‍ജുന്‍ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവരും പ്രദേശത്തുള്ളവരും. ഇദ്ദേഹത്തിന് നിസ്സാര പരിക്കുകളേ ഏറ്റിട്ടുള്ളൂ. ഡോ. അര്‍ജുന്‍റെ മൊഴിയെടുത്തതിന് ശേഷമേ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വെളിവാകൂ എന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles