കോട്ടയം: കോവിഡ് പ്രതിസന്ധി ഇനി ഏലം വ്യാപാരത്തെ ബാധിക്കില്ല. ഏലം മൊത്ത വ്യാപാരം ഇനി ഓണ്‍ലൈന്‍ വഴി നടത്താനാണ് പോര്‍ട്ടല്‍ തയ്യാറായത്. ‘Elaichi Online ‘ എന്ന വെബ്‌പോര്‍ട്ടലിലൂടെയാണ് വ്യാപാരം നടക്കുക. വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏലം വ്യാപാരത്തിലെ പ്രമുഖന്‍ കെസിപിഎംസി ലിമിറ്റഡും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റെല്ലോ ലാബ്‌സുമാണ് ഈ ഓണ്‍ലൈന്‍ സംരംഭം തുടങ്ങിയത്.
കൃഷിക്കാരും വ്യാപാരികളും വില്‍ക്കുന്ന ഏലം ലേലത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഈ പോര്‍ട്ടലില്‍ ലഭിക്കും. ഏലത്തിന്റെ ഗ്രേഡ്,ലിറ്റര്‍ ഭാരം,കളര്‍ തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ടാകും. ഏലത്തിന്റെ സ്വഭാവം മനസിലാക്കാനാണ് സാങ്കേതികമായി മികച്ച ഇമേജിങ് ഉപകണങ്ങളും അല്‍ഗോരിതങ്ങളും ഉപയോഗിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. കൂടുതല്‍ അളവില്‍ ഏലക്ക വ്യാപാരം ഈ പോര്‍ട്ടലിലൂടെ നടത്തുന്നത് വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ കൃത്യതയും മെച്ചപ്പെടും. ഏലം വ്യാപാരത്തില്‍ ഇതുവരെ ഇത്തരത്തിലുള്ള വിലുപമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. മാനുഷികമായി അളവുകോലുകള്‍ അനുസരിച്ചായിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാലിത് ഏലം ഗ്രേഡ് നിശ്ചയിക്കുന്നതിനെ സാരമായി ബാധിച്ചിരുന്നു. ഈ പോര്‍ട്ടല്‍ ഉടന്‍ തന്നെ മള്‍ട്ടി ലൊക്കേഷനായി മാറും. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ലേലത്തില്‍ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരുമിച്ച് പങ്കെടുക്കാം.

