കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത് . കോടതി നിർദേശപ്രകാരമാണ് കേസെടുത്തത് . കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം 26 പേർക്കെതിരെയാണ് കേസെടുത്തത്.
സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വിൽപ്പനയിൽ സഭയ്ക്ക് കോടികൾ നഷ്ടം സംഭവിച്ചു എന്നാരോപിച്ച് എറണാകുളം സ്വദേശി പാപ്പച്ചൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇട്ടത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സഭ പ്രൊക്യൂറേറ്ററായിരുന്ന ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവരടക്കം 26 പേർക്കെതിരെ കേസെടുക്കാനായിരുന്നു എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം.
ഈ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകളാണ് നിലവിലുള്ളത്.

