Sunday, May 19, 2024
spot_img

ബാങ്ക് വായ്പയെടുക്കാനുള്ള ‘നല്ല സമയം’ : പലിശ നിരക്കുകളില്‍ വന്‍ കുറവുണ്ടായേക്കും; എസ്ബിഐ വായ്പയുടെ പലിശ നിരക്കുകള്‍ ഇന്ന് മുതൽ കുറയും

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും കുറവ് വരുത്തിയതോടെ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കില്‍ കുറവിന് കളമൊരുങ്ങി. എസ്ബിഐ ഇന്ന് മുതല്‍ വായ്പയുടെ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയായി റിപ്പോ നിരക്കില്‍ 0.25 ശതമാനം വീതമാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയത്.

ഇതോടെ റിസര്‍വ് ബാങ്കിന്‍റെ പലിശ നിരക്കില്‍ 0.50 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിലവില്‍ ആറ് ശതമാനമാണ്.

ഏപ്രില്‍ ഒന്ന് മുതല്‍ റിപ്പോ നിരക്ക് പോലുളള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പലിശ നിരക്ക് പുനർ നിര്‍ണയിക്കണമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച ചേര്‍ന്ന ധനനയ അവലോകന യോഗത്തില്‍ ഈ നിര്‍ദേശം നടപ്പാക്കാനുളള തീയതി നീട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക് റിപ്പോ നിരക്കിന്‍റെ അടിസ്ഥാനത്തിലാക്കിയാല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടി വരും.

Related Articles

Latest Articles