Friday, October 2, 2026

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി തള്ളി


ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.

നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കല്‍ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാര്‍ക്ക് കത്തെഴുതിയത്.

തുടര്‍ന്ന് മറ്റൊരു സമിതിയെ രൂപീകരിച്ച് യുവതി ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിക്കാനും, ഇതിലെ ഗൂഢാലോചന പരിഗണിക്കാന്‍ മറ്റൊരു മൂന്നംഗ ബഞ്ച് രൂപീകരിക്കാനും തീരുമാനമായി.
ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ ആഭ്യന്തര അന്വേഷണസമിതിയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി പരിഗണിക്കുകയെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും ഇതിനെ പരാതിക്കാരി എതിര്‍ത്തു.

ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്‍ശകനാണെന്നും കാട്ടി പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് കത്ത് നല്‍കി. ഇതോടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്‍മാറി. പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതിയില്‍ വന്നു. ഇതോടെ രണ്ട് വനിതാ ജഡ്ജിമാരടങ്ങിയ സമിതി പരാതി പരിഗണിക്കുമെന്ന് തീരുമാനമായി.

എന്നാല്‍ ഒരു തവണ മാത്രം സമിതിക്ക് മുമ്പാകെ ഹാജരായ ശേഷം പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറി. ഇതിന് പിന്നാലെ, യുവതിയുടെ അഭിഭാഷകനെക്കൂടി സമിതിയുടെ ഹിയറിംഗില്‍ സഹകരിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍ സമിതിയോട് പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഉടനടി സുപ്രീംകോടതി തന്നെ നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ ആരോപണം ആഭ്യന്തര അന്വേഷണസമിതി തള്ളിയത്.

Related Articles

Latest Articles