കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. മഹിളാമോർച്ചയുടെ പരാതിയിൽ കോഴിക്കോട് സിറ്റി സൈബർ പോലീസാണ് ജാൻമണിയെ നോട്ടീസ് നൽകി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നതിനാൽ നടപടികൾക്ക് ശേഷം ജാൻമണിയെ വിട്ടയച്ചു. ജാൻമണിക്കൊപ്പം വീഡിയോ ചിത്രീകരിച്ചയാളിനെയും ഷെയർ ചെയ്ത ആളിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് ജാൻമണിക്കെതിരെയുള്ള ആരോപണം. ബി.എൻ.എസ്. 192, 356 (2), കേരള പോലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിലുള്ളത്.
സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തപ്പോൾ വിശദീകരണവുമായി ജാൻമണി രംഗത്തെത്തിയിരുന്നു. തനിക്ക് മലയാളം നന്നായി അറിയാത്തതിനാൽ ഭാഷാപ്രയോഗത്തിൽ സംഭവിച്ച പിഴവാണിതെന്നും ആരുടെയും മനസ്സ് വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കാണിച്ച് ജാൻമണി പിന്നീട് മാപ്പ് ചോദിച്ചുകൊണ്ട് മറ്റൊരു വീഡിയോയും പങ്കുവെച്ചിരുന്നു.

