തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പരാതി ലഭിച്ചിട്ടുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം നിരവധിപേർക്കെതിരെ. എന്നാൽ സർക്കാർ നടപടിക്കൊരുങ്ങുന്നത് ബിജെപി നേതാക്കൾക്കെതിരെ മാത്രമെന്നാണ് സൂചന. ബിജെപി നേതാക്കൾക്കെതിരെ ഒരു കോൺഗ്രസ് നേതാവാണ് പരാതി നൽകിയിരിക്കുന്നത്. കളമശ്ശേരി സ്ഫോടനത്തെ ആദ്യം ഇസ്രായേൽ പലസ്‌തീൻ വിഷയവുമായി ബന്ധിപ്പിച്ചത് എം വി ഗോവിന്ദനായിരുന്നു. പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം നിൽക്കുമ്പോൾ എന്തും സംഭവിക്കാം എന്ന് ആദ്യം പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനായിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ പോലീസ് നടപടിയെടുത്തിട്ടില്ല.
ഒരു വീട്ടുകാരൻ പാമ്പിനെ വളർത്തിയാൽ അതെപ്പോഴും അയൽക്കാരനെ മാത്രം കടിക്കണമെന്നില്ല എന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. കേരളം തീവ്രവാദികളുടെ കേന്ദ്രമാകുന്നുവെന്ന ഈ വിമർശനത്തിലുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് കേസിന് പിന്നിലെന്ന പരാതി ഉയർന്നിട്ടുണ്ട്. ബിജെപി നേതാക്കളായ സന്ദീപ് വാര്യർ, അനിൽ ആന്റണി തുടങ്ങിയവർക്കെതിരെയും കോൺഗ്രസ് നേതാവ് പരാതി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിക്കെതിരെ കേസ് നിലനിൽക്കുമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ
നടപ്പാക്കുന്നത് പിണറായിയുടെ ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖറിന്റെ രോമത്തിൽ തൊടാൻ പോലും പിണറായിയ്ക്ക് കഴിയില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

