Tuesday, May 14, 2024
spot_img

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്‌; ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എ.ഐ.സി.സി

ദില്ലി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നോട്ടീസ് നൽകിയത്. പാർട്ടിയുടെ വിലക്ക് ലംഘിച്ച കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ ദില്ലിയില്‍ ചേർന്ന എഐസിസി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.എന്നാൽ കെ.വി. തോമസിന്റെ മറുപടി ലഭിച്ചശേഷം മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം കെ.വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തയാളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ മുമ്പേ പറഞ്ഞിരുന്നു. ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസുകാരനാണ് കെ.വി. തോമസെങ്കില്‍ പ്രവര്‍ത്തകരുടെ വികാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് സിപിഎം വേദിയില്‍ പോയി പ്രസംഗിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നും. സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണെന്ന് കെ.വി തോമസ് തെളിയിച്ചാല്‍ അദ്ദേഹത്തിനോട് ക്ഷമപറയാനും കുമ്പസരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും പാര്‍ട്ടിയോട് വിശ്വാസവഞ്ചന കാണിച്ച, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ഒരാളായി മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്ക് കെ.വി തോമസിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും കെ. സുധാകരന്‍ പറഞ്ഞു.

Related Articles

Latest Articles