അഴിമതി കേസിൽ 2 സൈനിക ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. 22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു ലെഫ്റ്റനെന്റ് കേണലും ഒരു സുബേദാർ മേജറുമാണ് പിടിയിലായത്. ഹരിയാനയിലെ അംബാല കന്റോണ്മെന്റിൽ നിന്നാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്തത്. 2 കോൺട്രാക്ടർമാരെയും സിബിഐ അറസ്റ്റ് ചെയ്തു.
ലെഫ്റ്റനെന്റ് കേണൽ രാഹുൽ പവാർ, സുബേദാർ മേജർ പർദീപ് കുമാർ, കോൺട്രാക്ടർമാരായ ദിനേശ് കുമാർ, പ്രിത്പാൽ എന്നിവരാണ് പിടിയിലായത്. ലെഫ്റ്റനെന്റ് കേണലിന്റെ വസതിയിൽ നടത്തിയ തെരച്ചിലിൽ 32 ലക്ഷം രൂപയും 2 കോണ്ട്രാക്ട്ടർമാരിൽ നിന്നുമായി 16 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. അംബാല കന്റോണ്മെന്റിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ കൈക്കൂലി വാങ്ങിയത്. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് സിബിഐ അറിയിച്ചു.

