Thursday, May 16, 2024
spot_img

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമയുടെ പിതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. വനിതാ ഐജി ആയിരിക്കും കേസ് അന്വേഷിക്കുക.

നവംബര്‍ പത്തിനാണ് മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ഫോണ്‍കോളുകളോട് ഫാത്തിമ പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥിനികളെ ഫോണില്‍ ബന്ധപ്പെട്ട് ഫാത്തിമയെക്കുറിച്ച് അന്വേഷിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ മുറിയില്‍ പരിശോധിച്ചപ്പോഴാണ് ഫാത്തിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. ഫാത്തിമയുടെ ഫോണില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. തമിഴ്നാട് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫാത്തിമയുടെ പിതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Articles

Latest Articles