ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കാണ്. കോൺഗ്രസ് അഭയാർത്ഥികളെ അവഗണിച്ചു. കാരണം അവർ കോൺഗ്രസിന്റെ വോട്ട് ബാങ്ക് ആയിരുന്നില്ല. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം രാജ്യത്ത് കലാപമുണ്ടാക്കാൻ നോക്കി. മോദിയുടെ ഗ്യാരന്റി നടപ്പാകും എന്നതിന്റെ തെളിവാണ് സി എ എ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുതലാണ് അപേക്ഷകൾ പരിഗണിച്ചുകൊണ്ട് കേന്ദ്രസർക്കാർ പൗരത്വം നൽകിത്തുടങ്ങിയത്. ഇതുവരെ 305 പേർക്ക് പൗരത്വം നല്കിക്കഴിഞ്ഞതായാണ് സൂചന. 25000 ത്തോളം അപേക്ഷകളാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുള്ളത്. അപേക്ഷകൾ സമർപ്പിക്കാനായി സർക്കാർ ഒരു വെബ്‌പോർട്ടൽ ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ സി എ എ പ്രകാരം നൽകിത്തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു പൗരത്വ സർട്ടിഫിക്കറ്റുകൾ നൽകിയത്.
1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.

