പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്ത ആർ ജി കർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സജ്ഞയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയനാക്കി. കൊൽക്കത്ത പ്രസിഡൻസി ജയിലിലാണ് നുണ പരിശോധന നടന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ നുണ പരിശോധനയും നടത്തിയിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആരംഭിച്ച നുണപരിശോധന മൂന്നേ മുക്കാൽ മണിക്കൂറോളം നീണ്ടു നിന്നു. കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നുണപരിശോധന.
ആർ ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സംഭവ ദിവസം കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കൂടെ അത്താഴം കഴിച്ചു എന്ന് ആരോപിക്കപ്പെടുന്ന നാല് ഡോക്ടർമാർ, മറ്റൊരു സിവിൽ വാളണ്ടിയർ എന്നിവരുടെ നുണപരിശോധനയും കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു. സാൾട്ട് ലേക്കിലെ സിബിഐ ഓഫീസിലായിരുന്നു ഇവരുടെ നുണ പരിശോധന നടത്തിയത്. നിലവിൽ സജ്ഞയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തിൽ പങ്കുള്ളൂവെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.
അതേസമയം കേസിന്റെ ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാർ കാട്ടിയ അനാസ്ഥയ്‌ക്കെതിരെ കേന്ദ്രമന്ത്രി സുകാന്ദ മജുംദാറുടെ നേതൃത്വത്തിൽ ശ്യാംബസാറിൽ ഇന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ബംഗാളിലെ ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആർ ജി കർ ആശുപത്രി ഉൾപ്പെടുന്ന പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 31 വരെ നീട്ടുന്നതായി കൊൽക്കത്ത പോലീസ് അറിയിച്ചു

