Saturday, May 4, 2024
spot_img

കലാഭവൻ മണിയുടെ മരണകാരണം കരൾ രോഗം; സി ബി ഐ റിപ്പോർട്ട് സമർപ്പിച്ചു

കലാഭവൻ മണിയുടെ മരണകാരണം കരൾ രോഗമെന്ന് സി ബി ഐ റിപ്പോർട്ട്. അമിത മദ്യപാനം മൂലമുള്ള ചൈൽഡ് സി ലിവർ സിറോസിസ് ആണ് മരണത്തിന് കാരണമായതെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ കണ്ടെത്തൽ.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. മരണത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന്‌ ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഉന്നയിച്ച ആവശ്യത്തിനു പുറത്ത് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ്  35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെ അംശം അമിത മദ്യപാനം മൂലം ഉണ്ടായതാണെന്നും സിബിഐ നിയോഗിച്ച മെഡിക്കൽ ബോർഡ് കണ്ടെത്തി. കരൾ രോഗം നിമിത്തമാണ് ഇത് രക്തത്തിൽ നിലനിന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മീഥൈൽ ആൽക്കഹോളിന്റെ സാന്നിദ്ധ്യം മണിയെ വിഷാംശം കലര്‍ത്തിയ മദ്യം നല്‍കി കൊന്നുവെന്ന സംശയം ബന്ധുക്കളില്‍ ജനിപ്പിച്ചിരുന്നു.

ഇതിന് പുറമെ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയുടെ അംശം പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിനാല്‍ ആണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. രക്തത്തില്‍ കണ്ടെത്തിയ കഞ്ചാവിന് സമാനമായ ലഹരി പദാർത്ഥം അദ്ദേഹം കഴിച്ചിരുന്ന ആയുര്‍വേദ ലേഹ്യത്തില്‍ നിന്നായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പോണ്ടിച്ചേരി ജിപ്‌മെര്‍, മണിയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍, ടോക്‌സിക്കോളജിസ്റ്റ് എന്നിവരടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ് മണിയുടെ മരണകാരണം അമിതമദ്യപാനം മൂലമുള്ള കരള്‍രോഗ ബാധയെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Related Articles

Latest Articles