Monday, December 29, 2025

ഇനി എല്ലാം മുകളിലൊരാൾ കാണും തീർച്ച !!!യാത്രാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ ; അനുമതി നൽകി റെയിൽവേ മന്ത്രാലയം

ദില്ലി : യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി യാത്രാ ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേയുടെ തീരുമാനം. ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എഞ്ചിനുകളിൽ ആറ് ക്യാമറകളും സ്ഥാപിക്കും. ഇന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും ഉള്‍പ്പെടെ നടത്തിയ യോഗത്തിനുശേഷമാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ചില ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഈ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

74000 പാസഞ്ചര്‍ ട്രെയിന്‍ കോച്ചുകളിലും 15000 എഞ്ചിനുകളിലും ഇതോടെ ക്യാമറകള്‍ സ്ഥാപിക്കും. 100 കിലോമീറ്റര്‍ വേഗതയും കുറഞ്ഞ പ്രകാശമുണ്ടെങ്കില്‍ പോലും ഉയര്‍ന്ന റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന അത്യാധുനിക ക്യാമറകളാണ് സ്ഥാപിക്കുക. 360 ഡിഗ്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ക്യാമറകള്‍ പകര്‍ത്തും. കോച്ചുകളിലേക്ക് പ്രവേശിക്കുന്ന വാതിലുകളോട് ചേര്‍ന്നാകും രണ്ടുവീതം ക്യാമറകള്‍ സ്ഥാപിക്കുക. ലോക്കോമോട്ടീവുകളില്‍ ആറെണ്ണം വീതമാണ് സ്ഥാപിക്കുക. മുന്നിലും പിന്നിലും ഒരെണ്ണം, ക്യാബിനുള്ളില്‍ മുന്നിലും പിന്നിലും ഒരെണ്ണം, ലോക്കോമോട്ടീവിന്റെ വശങ്ങളില്‍ ഓരോന്നുവീതം എന്നിങ്ങനെയാകും ക്യാമറകള്‍ സ്ഥാപിക്കുക. എഞ്ചിനിലെ ക്യാമറകള്‍ ശബ്ദവും പിടിച്ചെടുക്കും.

കല്ലെറിയൽ പോലെയുള്ള ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പോലും ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. എങ്കിലും യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത തരത്തിലാകും ക്യാമറകള്‍ സ്ഥാപിക്കുക.

Related Articles

Latest Articles