തിരുവനന്തപുരം: പേട്ടയിൽ രണ്ടരവയസുകാരിയുടെ തിരോധാനത്തിൽ വഴിത്തിരിവാകുന്ന സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ സംശയാസ്പദമായി ഒരു സ്ത്രീ പോകുന്നത് കാണാം. അവരുടെ കൈയിൽ കുഞ്ഞിനെ മറച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. അറപ്പുര റെസിഡൻസ് അസോസിയേഷനിലെ വീട്ടിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഈ സ്ത്രീയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. എന്നാൽ ഇത് വെറും സംശയം മാത്രമാണെന്നും കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. നാടോടി സംഘത്തിനെ കേന്ദ്രികരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അതേസമയം, ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂർ കുഞ്ഞിനെ നിരീക്ഷണത്തിൽ വച്ച ശേഷം ആരോഗ്യ സ്ഥിതിയിൽ പ്രശ്‌നങ്ങളില്ലെങ്കിൽ കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്‌ക്കുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് വിവരങ്ങൾ ചോദിച്ചറിയാനാണ് പോലീസിന്റെ നീക്കം. ഇത് കേസിന് നിർണായ തെളിവാകുമെന്ന് പോലീസ് വ്യക്തമാക്കി. ചികിത്സയ്‌ക്ക് ശേഷം കുഞ്ഞിനെ സിഡബ്ല്യസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

