Monday, May 20, 2024
spot_img

സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ;
സ്വവർഗവിവാഹം ഭാരതീയ കുടുംബ സങ്കല്‍പ്പങ്ങളുമായി താരതമ്യം ചെയ്യാനാകില്ല!!

ദില്ലി ∙ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ഒത്തുപോവുന്നതല്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമായ പരിരക്ഷ നൽകണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം നല്‍കിയത്.

പുരുഷന്‍ ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ദമ്പതികൾക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന്‍ അച്ഛനും സ്ത്രീ അമ്മയുമാണ്. എന്നാൽ സ്വവര്‍ഗവിവാഹത്തെ ഇതുമായി ഒരിക്കലും താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു.

ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ സുപ്രീം കോടതിയിൽ ഹര്‍ജികൾ നൽകിയത്. ഇതിൽ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

വിവാഹ റജിസ്‌ട്രേഷന്‍ പ്രശ്‌നങ്ങൾ ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതു വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നുവെന്നാണ്ഹര്‍ജിക്കാരുടെ വാദം. സ്‌പെഷല്‍ മാര്യേജ് ചട്ടം ലിംഗഭേദമില്ലാത്ത വിധത്തില്‍ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ഭരണഘടനയുടെ സംരക്ഷണവും അവകാശങ്ങളും ലിംഗാടിസ്ഥാനത്തില്‍ അല്ലെന്നും അവ ഭിന്നലിംഗക്കാരെയും സംരക്ഷിക്കുന്നതാണെന്നും ഹര്‍ജിയിലുണ്ട്.

സ്വവർഗബന്ധം ഉൾപ്പെടെ, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമല്ലെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018ൽ വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പിൽ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ റദ്ദാക്കിയായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. പക്ഷെ നിലവിൽ സ്വവർഗവിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

Related Articles

Latest Articles