ദില്ലി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.ഡിപിആർ (DPR) പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്‍റില്‍ പറഞ്ഞു. സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറിൽ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും
ഈ സാഹചര്യം കണക്കിലെടുത്ത് സിൽവർ ലൈനിന് വേഗം അനുമതി നൽകാനാവില്ലെന്നുമാണ് മന്ത്രി അറിയിച്ചത്.
എൻ കെ പ്രേമചന്ദ്രന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിനാണ് റെയില്‍വെ മന്ത്രി മറുപടി നൽകിയത്. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ റെയിലുമായി ചുമതലപ്പെട്ടവർ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

