Sunday, May 12, 2024
spot_img

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് രാജ്യത്ത് എവിടേയും ബസുകള്‍ ഓടിക്കാമെന്ന് കേന്ദ്രസർക്കാർ ! നെഞ്ചിടിപ്പിൽ കെഎസ്ആർടിസി; പമ്പയിലുംസ്വകാര്യ ബസ് സര്‍വീസുകൾ എത്തിയേക്കും

പത്തനംതിട്ട : ഇതാദ്യമായി മണ്ഡല-മകരവിളക്കു കാലത്ത് കെഎസ്ആർടിസിക്കൊപ്പം സ്വകാര്യ ബസുകളും പമ്പയിലേക്ക് സര്‍വീസ് നടത്തിയേക്കും. സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകള്‍ക്കു സ്വതന്ത്രമായി ഓടാന്‍ അനുമതി നല്‍കി കഴിഞ്ഞ മാസം ആദ്യം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ഇങ്ങനെ ഒരു സാധ്യത തെളിഞ്ഞത്.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് രാജ്യത്ത് എവിടേയും ബസുകള്‍ ഓടിക്കാമെന്നും ഓരോ സംസ്ഥാനത്തും പ്രത്യേക പെര്‍മിറ്റുകള്‍ ആവശ്യമില്ലെന്നുള്ളതുമാണ് നിയമത്തിന്റെ പ്രത്യേകത. ഇതോടെ ലക്ഷ്വറി സൗകര്യങ്ങളുള്ള ബസുകള്‍ പമ്പയിലേക്ക് എത്തുന്നതിനു തടസമില്ലാത്ത സ്ഥിതിയാണ് ഉണ്ടാകുക.

നാഷണല്‍ പെര്‍മിറ്റ് ബസുകള്‍ക്കു ലഭിക്കുന്നതു നാഷണല്‍ ടൂറിസ്റ്റ് പെര്‍മിറ്റുകളാണെന്നും അവ വിനോദ സഞ്ചാരികള്‍ക്കു വേണ്ടിയുള്ളതാണെന്നുമാണു നയത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. എന്നാല്‍ , ശബരിമല തീര്‍ത്ഥാടനവും ടൂറിസത്തില്‍പ്പെടുന്നതിനാല്‍ നാഷണല്‍ പെര്‍മിറ്റുള്ള ബസുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് പമ്പയിലേക്കു സര്‍വീസ് നടത്തുന്നതു തടയാന്‍ ഗതാഗത വകുപ്പിനു കഴിയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിച്ചാല്‍ എല്ലാ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും നാഷണല്‍ പെര്‍മിറ്റുകള്‍ ലഭിക്കും.

നിലവിൽ കേരളത്തില്‍ നിന്ന് ചെന്നൈ, ബംഗ്ലുരു തുടങ്ങിയ സ്ഥലങ്ങളിലേക്കു കോണ്‍ട്രാക്ട് ക്യാര്യേജ് ബസുകള്‍ സർവീസ് നടത്തുന്നുണ്ട്. ഇവര്‍ സ്ഥലനാമ ബോര്‍ഡുകള്‍ വയ്ക്കാതെ ഓണ്‍െലെന്‍ ടിക്കറ്റുകള്‍ വഴി യാത്രക്കാരെ കണ്ടെത്തിയാണ് സര്‍വീസ് നടത്തുന്നത്. ബോര്‍ഡ് വയ്ക്കുന്നതിനോ വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനോ അനുവാദമില്ല. എങ്കിലും സംസ്ഥാനത്ത് യഥേഷ്ടം ഇത്തരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ -തിരുവനന്തപുരം റൂട്ടില്‍ നിരവധി ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട് എന്നാണ് വിവരം.നാഷണല്‍ പെര്‍മിറ്റ് എടുത്താല്‍ എവിടെയും സര്‍വീസ് നടത്താമെന്നുവരുന്നതോടെ ഈ ബസുകളെ നിയമപരമായി ചോദ്യം ചെയ്യാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നെങ്കിലും നിലവിൽ നടപടിയായിട്ടില്ല.

Related Articles

Latest Articles