Tuesday, October 20, 2026

ഇന്ധന വില കൂടാതിരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ ! പെട്രോൾ- ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചു

ദില്ലി : രാജ്യത്തെ ഇന്ധനവില വർദ്ധനവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ ലക്ഷ്യമിട്ട് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 10 രൂപയാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ കേന്ദ്ര നികുതി ലിറ്ററിന് 3 രൂപയായി കുറഞ്ഞു. ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക ഇടപെടൽ. എന്നാൽ, ഈ നികുതി ഇളവ് സാധാരണ ഉപഭോക്താക്കൾക്ക് പമ്പുകളിൽ നേരിട്ടുള്ള വിലക്കുറവായി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പെട്രോളിയം രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ എണ്ണക്കമ്പനികൾ നേരിടുന്ന കനത്ത നഷ്ടം നികത്താനാണ് ഈ നികുതി ഇളവ് പ്രധാനമായും വിനിയോഗിക്കപ്പെടുക. നിലവിൽ ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് ഏകദേശം 48.8 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ നൽകുന്ന നികുതി ഇളവ് കമ്പനികളുടെ ഈ നഷ്ടം പരിഹരിക്കാൻ ഉപയോഗിക്കുന്നതിനാൽ പമ്പുകളിൽ വില കുറയാൻ സാധ്യത കുറവാണ്. ഇറാൻ-ഇസ്രായേൽ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവുമാണ് ആഗോളതലത്തിൽ എണ്ണവില 70 ഡോളറിൽ നിന്ന് 122 ഡോളറിലേക്ക് കുതിക്കാൻ കാരണമായതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവിലയിൽ 30 മുതൽ 50 ശതമാനം വരെ വർദ്ധനവ് ഉണ്ടായപ്പോൾ, ഇന്ത്യൻ ജനതയെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ സ്വന്തം വരുമാനം വേണ്ടെന്നുവെച്ച് നികുതി കുറച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 40 മുതൽ 50 ശതമാനം വരെയും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. ഇന്ത്യയുടെ പക്കൽ നിലവിൽ 74 ദിവസത്തേക്കുള്ള ഇന്ധന ശേഖരം ഉണ്ടെന്നും, പാചകവാതക ഉൽപ്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles