Monday, June 3, 2024
spot_img

എൻ.ജി.ഒകളുടെ വിദേശ ഫണ്ടിങ്ങിൽ കേന്ദ്രത്തിന്റെ കടിഞ്ഞാൺ; കടുത്ത നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദില്ലി: വിദേശസഹായം സ്വീകരിക്കുന്നതില്‍ സന്നദ്ധ സംഘടനകള്‍ക്ക്​ കടുത്ത നിയന്ത്രങ്ങളേർപ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൂന്നുവര്‍ഷമെങ്കിലും ​പ്രവൃത്തിപരിചയവും ഇതിനോടകം 15 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചതുമായ സ്ഥാപനങ്ങള്‍ക്ക്​ മാത്രമേ ഇനി വിദേശ സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കൂ. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇനിമുതൽ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജസ്​റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍.ജി.ഒകള്‍ നൽകുന്ന തുക എത്രയാണെന്നും എന്തി​നുവേണ്ടിയാണെന്നും കാണിക്കുന്ന രേഖ വിദേശ സംഭാവന നല്‍കുന്നവരില്‍ നിന്ന് വാങ്ങി​ ഹാജരാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പുതിയ ഉത്തരവിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്​ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന്​ വിലക്കിയിട്ടുണ്ട്.

വിദേശ സംഭാവന സ്വീകരിക്കുന്നതിന്​ മുന്‍കൂര്‍ അനുമതി വാങ്ങുന്ന എന്‍.ജി.ഒക്കോ, വ്യക്തിക്കോ നിർബന്ധമായും എഫ്​.സി.ആര്‍.എ അക്കൗണ്ട്​ വേണം. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമാകാന്‍ പാടില്ല. സന്നദ്ധ സംഘടനയുടെ 75 ശതമാനം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും വിദേശ സംഭാവന നല്‍കുന്ന സംഘടനയിലെ ഭാരവാഹികളോ ജീവനക്കാരോ ആകാന്‍ പാടില്ല. ധനസഹായം നല്‍കുന്ന വ്യക്തി സഹായം സ്വീകരിക്കുന്ന സംഘടനയുടെ ഭാഗമാകാനും പാടില്ല എന്നും വിജ്ഞാപനത്തിലുണ്ട്.

നേരത്തെ എന്‍.ജി.ഒ ഭാരവാഹികള്‍ക്ക്​ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി എഫ്​.സി.ആര്‍.എ നിയമത്തില്‍​ ഭേദഗതി വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്​ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

ഇന്ത്യയിൽ ഏകദേശം 22,400 എൻ.ജി.ഒകളാണ് ഉളളത്. 2016-17, 2018-19 കാലയളവിനിടയിൽ എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള എൻജിഒകൾ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles