ദില്ലി : നീറ്റ് പരീക്ഷാ വിവാദങ്ങളെ തുടർന്ന് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമായി കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നൽകിയ വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രധാന് പിന്തുണ പ്രഖ്യാപിച്ച് കിരൺ റിജിജു കുറിപ്പ് പങ്കുവെച്ചത്.
യഥാർത്ഥ നേതൃത്വം അളക്കപ്പെടുന്നത് പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനങ്ങളിലൂടെയാണെന്നും ധർമ്മേന്ദ്ര പ്രധാന്റെ പൊതുജീവിതവും വിദ്യാർത്ഥി ക്ഷേമത്തിനായി നടത്തിയ ഇടപെടലുകളും ഇതിന് തെളിവാണെന്നും അദ്ദേഹം കുറിച്ചു. കേന്ദ്ര മന്ത്രിസഭയിൽ ഒന്നിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച റിജിജു, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിലും ദശലക്ഷക്കണക്കിന് യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിലും പ്രധാൻ കാണിച്ച ആത്മാർത്ഥത എടുത്തുപറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് പോലെ സങ്കീർണ്ണവും അതീവ പ്രാധാന്യമുള്ളതുമായ ഒരു മേഖലയെ വലിയ ധൈര്യത്തോടും ദീർഘവീക്ഷണത്തോടും കൂടിയാണ് അദ്ദേഹം നയിച്ചതെന്നും, വരുംദിനങ്ങളിലും അതേ അർപ്പണബോധത്തോടെ രാജ്യസേവനം തുടരാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും റിജിജു ആശംസിച്ചു.

