Saturday, June 1, 2024
spot_img

ലണ്ടനിലെ അംബേദ്കർ മ്യൂസിയത്തിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രസർക്കാർ; ഏറ്റെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മ്യൂസിയം; മഹാരാഷ്ട്ര സർക്കാരിന് കത്ത് നൽകി വിദേശകാര്യ മന്ത്രാലയം

ദില്ലി: ലണ്ടനിലെ അംബേദ്കർ മ്യൂസിയത്തിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ലണ്ടനിലെ അംബേദ്കർ മ്യൂസിയം കേന്ദ്രസർക്കാർ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയത്തിന്റെ ഉടമയായ മഹാരാഷ്ട്ര സർക്കാരിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി.

അതേസമയം, നിലവിൽ മ്യൂസിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അംബേദ്കറിന്റെ അനുയായികൾ എന്നവകാശപ്പെടുന്ന ചിലർ ശ്രമം നടത്തുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മ്യൂസിയം ഏറ്റെടുക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. തുടർന്ന് മഹാരാഷ്ട്ര സർക്കാരിന് കത്ത് നൽകുകയായിരുന്നു. സർക്കാരിന്റെ മറുപടി അനുസരിച്ച് തുടർ നീക്കങ്ങൾ നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

മ്യൂസിയം ഏറ്റെടുത്ത ശേഷം നവീകരിക്കുമെന്ന് കേന്ദ്രം മഹാരാഷ്ട്ര സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കി. നവീകരിച്ച ശേഷം സ്വയംഭരണാവകാശം നൽകുമെന്നും കൂടുതൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്യും. ഇതുവഴി ഇന്ത്യയുടെ മൂല്യങ്ങളും സംസ്‌കാരങ്ങളും വിദേശീയരിലേക്ക് പകർന്ന് നൽകാൻ കഴിയുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, 2015 ലാണ് മഹാരാഷ്ട്ര സർക്കാർ അംബേദ്കർ മ്യൂസിയം വാങ്ങിയത്. കിംഗ് ഹെൻറി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിലായിരുന്നു 1921-22 കാലഘട്ടത്തിൽ അംബേദ്കർ താമസിച്ചിരുന്നത്. 2050 ചതുരശ്ര അടിയോളം വരുന്ന കെട്ടിടം പിന്നീട് വിദ്യാർത്ഥികൾക്ക് തുറന്ന് നൽകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അംബേദ്കറിന്റെ ചിത്രങ്ങൾ, എഴുത്തുകൾ, പെയിന്റിംഗുകൾ, ഉപയോഗിച്ച വസ്തുക്കൾ, ഇന്ത്യൻ ഭരണഘടനയുടെ പതിപ്പ് തുടങ്ങിയവയാണ് ഇവിടെയുള്ളത്.

Related Articles

Latest Articles