ചെന്നൈ: സിനിമാ തിയേറ്ററുകളിലെ നൂറു ശതമാനം ആളുകളെ കയറ്റാന്‍ ഉള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഉത്തരവ് റദ്ദാക്കി. കോവിഡ് പടരാനിടയാക്കുമെന്നതിനാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കാന്‍ തമിഴ്‍നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതോടെ പൊങ്കൽ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും ആശങ്കയിലായി. ഘട്ടം ഘട്ടമായുള്ള ‘അണ്‍ലോക്ക്’ പ്രക്രിയയുടെ ഭാഗമായി കണ്ടെയ്നര്‍ സോണിന് പുറത്തുള്ള സിനിമാ തിയേറ്ററുകളില്‍ 50 ശതമാനം ആളുകളുമായി പ്രവര്‍ത്തിക്കാന്‍ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ വിജയ് ചിത്രം മാസ്റ്റര്‍ ജനുവരി 13ന് റിലീസ് ചെയ്യുമ്ബോള്‍ തീയറ്ററില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ തീരുമാനം ആണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവൻ ആളുകളെയും ഉൾക്കൊള്ളിക്കാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് ദൈനംദിന കേസുകള്‍ ആയിരത്തിന് താഴെയായതോടെ സാനിറ്ററൈസറിട്ട് മാസ്ക് വച്ചു തിയേറ്ററുകളിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍.കൊച്ചിയില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സിനിമ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തീരുമാനമാകാതെ തീയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

