Wednesday, September 23, 2026

എന്‍ ഡി എയിലേക്ക് മടങ്ങി എത്താന്‍ ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആന്ധ്രാപ്രദേശിൽ പിടിച്ചു നിൽക്കാൻ ചന്ദ്രബാബു നായിഡു ബിജെപി യോടുള്ള നയം മാറ്റി എത്തുന്നു. എൻഡിഎയിൽ തിരിച്ചെത്തുവാനുള്ള കഠിന ശ്രമത്തിലാണ് ചന്ദ്രബാബു നായിഡുവെന്ന് ആന്ധ്രയില്‍ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു .

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുന്നേ ആന്ധ്രക്കു പ്രത്യേക പാക്കേജ് നൽകിയില്ലെന്ന് ആരോപിച്ചാണ് ചന്ദ്രബാബു നായിഡു എൻഡിഎ വിട്ടത്. പ്രതിപക്ഷത്തെ മഹാസഖ്യത്തിന്‍റെ മുഖ്യ ആസൂത്രകനായിരുന്നു നായിഡു. എന്നാൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ തെലുഗുദേശം പാര്‍ട്ടി തകർന്നടിഞ്ഞു. വൈ എസ് ജഗൻ മോഹൻ റെഡ്‌ഡിയുടെ വൈ എസ് ആർ കോൺഗ്രസാണ് ആന്ധ്രയില്‍ തിളക്കമാര്‍ന്ന ജയം കൈവരിച്ചത്. കേന്ദ്രത്തിൽ ചന്ദ്രബാബു നായിഡു ഏറ്റവും കൂടുതൽ എതിർത്ത നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം കൂടുതൽ സീറ്റോടെ അധികാരം നിലനിർത്തി.

സംസ്ഥാനത്ത് അധികാരത്തിലെത്തിയ ജഗൻമോഹൻ റെഡ്‌ഡി,നായിഡുവിന്‍റെയും തെലുങ്കുദേശം നേതാക്കളുടെയും അഴിമതികളെക്കുറിച്ചു അന്വേഷണം തുടങ്ങുകയും ടിഡിപി എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയും ചെയ്‌തതോടെയാണ്‌ ആന്ധ്ര മുൻ മുഖ്യമന്ത്രി വീണ്ടും എൻഡിഎയുടെ സഹായം തേടുന്നത്. കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ച നായിഡുവിന്‍റെ തീരുമാനത്തെ നേതാക്കൾ ചരിത്രപരമായ വിഡ്ഢിത്തമായാണു വിശേഷിപ്പിച്ചത് .

നായിഡു ബിജെപിയോടുള്ള നിലപാട് മാറ്റാനുള്ള ശ്രമത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ടി ഡി പിയെ ഇനി മുന്നണിയിൽ എടുക്കില്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. 2004 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ പരാജയപ്പെട്ടതോടെ മുന്നണി വിട്ട ചന്ദ്രബാബു നായിഡു പിന്നീടു മോദി തരംഗം ശക്തമായ 2014 ലാണു തിരികെയെത്തിയത്. 2019 ൽ പരാജയം ഭയന്നു നായിഡു കളംമാറ്റി ചവിട്ടുകയായിരുന്നെന്നും അധികാരത്തിനുവേണ്ടി മാത്രം ഒപ്പം കൂടുന്ന തെലുങ്കുദേശത്തെ വിശ്വസിക്കേണ്ടെന്നുമാണു ബിജെപി ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തൽ . എന്‍ ഡി എയിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്ന ചന്ദ്രബാബു നായിഡുവിന്‍റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണ്.

ഇതിനായി ജഗന്‍റെ തിരുമല സന്ദർശനം ഉൾപ്പെടെ വിവാദമാക്കാൻ ശ്രമിച്ച് തീവ്രഹിന്ദുത്വത്തിലേക്കു ചന്ദ്രബാബു നായിഡു ചുവടുമാറ്റിയിട്ടുണ്ട് നായിഡു. തെലങ്കാനയിലെ ഹുസൂർനഗറിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്നു പ്രഖ്യാപിച്ച നായിഡു കോൺഗ്രസുമായുള്ള സഖ്യം തിരഞ്ഞെടുപ്പോടെ അവസാനിച്ചെന്നും പ്രഖ്യാപിച്ചിട്ടുണ്ട് .

ടി ഡി പിയുടെ പരമ്പരാഗത വോട്ടുബാങ്കാണു കമ്മ സമുദായം. എന്നാൽ, കമ്മ സമുദായത്തിന് താത്പര്യമില്ലാത്ത കോൺഗ്രസുമായി സഖ്യം രൂപീകരിച്ചതോടെ 2019 ൽ ഇവർ പൂർണമായും ടിഡിപിയെ കൈയൊഴിഞ്ഞു. സമുദായം ഇപ്പോൾ ബിജെപിക്കൊപ്പമാണ്. ഇതും നായിഡുവിനെ ഭയപ്പെടുത്തുന്നുണ്ട് .

ആന്ധ്രാപ്രദേശിനായുള്ള പ്രത്യേക പദവിയിലേക്കുള്ള ജഗൻമോഹൻ റെഡ്ഡിയുടെ മുന്നേറ്റമാണ് ചന്ദ്രബാബു നായിഡു ബിജെപിയുമായി പങ്കാളിത്തം നേടാനും പ്രതിപക്ഷ ക്യാമ്പിൽ ചേരാനുമുള്ള നീക്കത്തിന്‍റെ കാരണമെന്ന് പറയപ്പെടുന്നു.

Related Articles

Latest Articles