പത്തനംതിട്ട: പഴവങ്ങാടി പഞ്ചായത്തിലെ ചേത്തയ്ക്കൽ നീരാട്ടുകാവിലെ റവന്യൂഭൂമിയിൽ പാറമട തുടങ്ങാന്‍ സ്വകാര്യ വ്യക്തിയുടെ നീക്കം. ഡെൽറ്റ ഗ്രൂപ്പാണ് പാറ മട തുടങ്ങുന്നത്. ഇതിനു മുന്നോടിയായി 11 ഏക്കറോളം വരുന്ന റവന്യുഭൂമിയിലെ ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ വെട്ടിമാറ്റി. തേക്ക് ,ഈട്ടി, ആഞ്ഞിലി, പ്ളാവ്, മഹാഗണി തുടങ്ങിയ വൻ മരങ്ങൾ വെട്ടി മാറ്റിയവയില്‍ ഉള്‍പ്പെടുന്നു. നാട്ടുകാർ റവന്യൂ ,ഫോറസ്റ്റ്, പൊലീസ് അധിക്യതരോട് പരാതിപ്പെട്ടിട്ടും ഫലം ഇല്ല. തെളിവ് ഇല്ലാതാക്കാൻ മരങ്ങളുടെ കുറ്റികൾ ജെ സി ബി ഉപയോഗിച്ച് മാറ്റിയശേഷം തീയിട്ട് നശിപ്പിച്ച നിലയിലാണ്.
പഴവങ്ങാടി,നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിത്. നീരാട്ടുകാവ് വട്ടകപ്പാറ മലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിന്‍റെ ഭാഗമായി മരങ്ങൾ വെട്ടി മാറ്റിയത് സംബന്ധിച്ച് നാട്ടുകാർ ചോദിച്ചപ്പോൾ അടുത്തുള്ള ക്ഷേത്രത്തിന്‍റെ ആവശ്യത്തിനെന്നായിരുന്നു സ്വകാര്യവ്യക്തിയുടെ പ്രതികരണം. വട്ടകപ്പാറ മലയുടെ മുകളിൽ നൂറേക്കറിലായി വ്യാപിച്ചുകിടക്കുന്ന പാറയുടെ ഒരുഭാഗത്തെ സ്ഥലത്താണ് ഖനനത്തിനായി പാറമടലോബി തയ്യാറെടുക്കുന്നത്.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ ഈ മലയിൽ ഉരുൾപൊട്ടി റാന്നി ചെത്തോങ്കര തോട് നിറഞ്ഞു കവിഞ്ഞതാണ്. പാറമട തുടങ്ങിയാൽ റാന്നി വലിയ തോട് ഇല്ലാതാകും. ഇവിടത്തെ ജൈവ വൈവിധ്യവും നശിക്കും. കിലോമീറ്ററുകൾ നീളത്തിൽ റോഡ് പണിയുകയും ഇതിന് ഗേറ്റ് സ്ഥാപിക്കാൻ ശ്രമം ആരംഭിക്കുക കൂടി ചെയ്തതോടെ സംശയം തോന്നിയ നാട്ടുകാർ ചേത്തക്കൽ വില്ലേജ് അധികൃതരെ സമീപിച്ചപ്പോഴാണ് പാറമട തുടങ്ങുവാനുള്ള നീക്കം വളരെയേറെ മുന്നോട്ടുപോയതായി അറിയുന്നത്.
വില്ലേജ് അധിക്യതർ അനുമതി നൽകാൻ ധാരണയായിട്ടുണ്ട്.വട്ടകപ്പാറ മലയിൽ ഖനനം ആരംഭിക്കുന്നതോടെ വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇത് ഇടയാക്കും. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ഇത് സംബന്ധിച്ച് ഉടൻ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തകരായ സി .ആർ. നീലകണ്ഠൻ, കെ .എം. ഷാജഹാൻ എന്നിവരും നീരാട്ട് കാവ് – വട്ടകപ്പാറ ജനകീയ സംരക്ഷണ സമിതി പ്രവർത്തകരും ആവശ്യപ്പെട്ടു.

