Tuesday, October 13, 2026

തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ വനവാസി യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; സമീപത്തു നിന്നും മണ്ണെണ്ണക്കന്നാസും ചൂരൽവടിയും കണ്ടെത്തി; ദുരൂഹത തുടരുന്നു

ചിന്നക്കനാൽ: ചിന്നക്കനാൽ 301 കോളനിയിൽ വനവാസി യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വീടിനോടു ചേർന്ന് നായയെ പൂട്ടുന്ന തുടലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. 301 കോളനി സ്വദേശി തരുണിനെയാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കണ്ടത്തിയതിന് സമീപത്ത് മണ്ണെണ്ണക്കന്നാസും ചൂരൽവടിയും കണ്ടെത്തിയത് ദുരൂഹത ഉയർത്തുന്നുണ്ട്.സംഭവസ്ഥലത്തു ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെ തരുണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകൂ.

മൃതദേഹത്തിനു ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാൻ കാരണമായെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവദിവസം രാവിലെ 9 മണിയോടെ യുവാവ് പ്രദേശത്തുകൂടെ അമിത വേഗതയിൽ സ്‌കൂട്ടർ ഓടിച്ച് പോയതായി നാട്ടുകാർ പറഞ്ഞു. യുവാവ് ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.
സംഭവം നടക്കുമ്പോൾ അമ്മ സാറ വീട്ടിലുണ്ടായിരുന്നില്ല. തരുണിന്റെ മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്കു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

Related Articles

Latest Articles