Wednesday, May 22, 2024
spot_img

തമിഴ്‌നാട് തഞ്ചാവൂരിലും ‘ഷവര്‍മ’ കഴിച്ച്‌​ ദേഹസ്വാസ്ഥ്യം; മൂന്ന്​ കോളജ്​ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; ഹോട്ടൽ താല്‍ക്കാലികമായി അടച്ചിടാൻ ഉത്തരവിട്ട് അധികൃതർ

ചെന്നൈ: തമിഴ്‌നാട് തഞ്ചാവൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന്​ ദേഹസ്വാസ്ഥ്യം ബാധിച്ച മൂന്ന്​ കോളജ്​ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഞ്ചാവൂര്‍ ഓരത്തുനാട്​ ഗവ. വെറ്റിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ കന്യാകുമാരി സ്വദേശി പ്രവീണ്‍ (22), പുതുക്കോട്ട പരിമളേശ്വരന്‍ (21), ധര്‍മപുരി മണികണ്ഠന്‍ (22) എന്നിവരാണ്​ തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്​.

ഹോസ്റ്റലില്‍ താമസിച്ച്‌​ പഠിക്കുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഓരത്തുനാട്​ ജംഗ്​ഷനിലെ പെട്രോള്‍ ബങ്കിന്​ സമീപത്തെ ഫാസ്റ്റ്​ ഫുഡ്​ ഹോട്ടലില്‍നിന്ന്​ ചിക്കന്‍ ഷവര്‍മ കഴിച്ചു. ഹോസ്റ്റലില്‍ മടങ്ങിയെത്തിയ മൂവര്‍ക്കും ഛര്‍ദ്ദിയും മയക്കവും അനുഭവപ്പെടുകയായിരുന്നു.

ബോധരഹിതരായ മൂവരെയും മറ്റു ഹോസ്റ്റല്‍ അന്തേവാസികളാണ്​ ഓരത്തുനാട്​ ഗവ. ആശുപത്രിയിലെത്തിച്ചത്​. പിന്നീട്​ തഞ്ചാവൂര്‍ മെഡിക്കല്‍ കോളാജ് ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന്​ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. പ്രസ്തുത കേന്ദ്രം താല്‍ക്കാലികമായി അടച്ചിടാനും അധികൃതര്‍ ഉത്തരവിടുകയും ചെയ്തു. ഷവര്‍മ കഴിച്ച്‌​ കേരളത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന്​ തമിഴ്​നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടി ഊർജ്ജിതമാക്കിയതായിരുന്നു.

 

Related Articles

Latest Articles