Friday, May 17, 2024
spot_img

ചെസ് ലോകകപ്പ്; ആദ്യ ഗെയിമിൽ മാഗ്നസ് കാള്‍സനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ! സമനിലയില്‍ പിരിഞ്ഞത് 35 നീക്കങ്ങള്‍ക്ക് ശേഷം ; നാളത്തെ രണ്ടാം ഗെയിം ജയിക്കുന്നവർക്ക് കിരീടം

ബാക്കു: ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ ഗെയിമില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ അത്ഭുത ബാലൻ ആര്‍. പ്രഗ്നാനന്ദ. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ആദ്യ ക്ലാസിക്കല്‍ മത്സരത്തില്‍ വെള്ളക്കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. നാളെ നടക്കുന്ന രണ്ടാം ക്ലാസിക്കല്‍ മത്സരത്തില്‍ കറുത്തക്കരുക്കളാകും പ്രഗ്നാനന്ദയ്ക്ക് ലഭിക്കുക.
രണ്ട് ക്ലാസിക്കല്‍ ഗെയിമുകളാണ് ചെസ് ലോകകപ്പ് ഫൈനലിൽ ഉണ്ടാകുക. ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ട് കളിക്കാര്‍ക്കും 90 മിനിറ്റ് ലഭിക്കും. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് വര്‍ധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളില്‍ 30 മിനിറ്റും നല്‍കും. കൂടുതല്‍ പോയന്റ് നേടുന്നയാള്‍ കിരീടം സ്വന്തമാക്കും. ആദ്യ ഗെയിം സമനിലയിലായതോടെ നാളത്തെ രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോകകപ്പ് സ്വന്തമാക്കും. മത്സരം സമനിലയായാല്‍ ടൈബ്രേക്കറിലേക്ക് നീളും.

2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രഗ്നാനന്ദയാണ്. സെമിയിലെ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത ലഭിക്കുക.

കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്നാനന്ദ മാദ്ധ്യമ ശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നാലെ മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയതോടെ ലോകശ്രദ്ധ ഇന്ത്യയുടെ ഈ അത്ഭുത ബാലന് നേരെ തിരിഞ്ഞു. 2013 ല്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 വിഭാഗത്തില്‍ കിരീടം നേടിയ പ്രഗ്നാനന്ദ ഏഴാമത്തെ വയസ്സില്‍ ഫിഡെ ‘മാസ്റ്റര്‍’ പദവി നേടി. 2015 ല്‍ അണ്ടര്‍ 10 കിരീടം നേടി. 2016 ല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായി പ്രഗ്നാനന്ദ ഏവരെയും അത്ഭുതപ്പെടുത്തിയപ്പോൾ ഇന്ത്യൻ അത്ഭുത ബാലന്റെ പ്രായം 10 വയസ്സും 10 മാസവുമായിരുന്നു. പിന്നാലെ 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ പ്രഗ്നാനന്ദ ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ പദവിയും നേടി.

Related Articles

Latest Articles