Sunday, January 11, 2026

കാർത്തിക വിളക്കിനൊരുങ്ങി ചെട്ടികുളങ്ങര ക്ഷേത്രവും ദേശവും; തിരുവാഭരണം ചാര്‍ത്തിയുള്ള ദേവീദർശനം കാത്ത് ഭക്തജനങ്ങൾ

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവപ്രശ്‌ന വിധിപ്രകാരമുള്ള കാര്‍ത്തിക ദര്‍ശനവും കാര്‍ത്തിക വിളക്കും ഏപ്രിൽ 9 ന് നടക്കും. ഭഗവതി കൊടുങ്ങല്ലൂരില്‍ നിന്നും തിരികെയെത്തുന്ന മീനമാസത്തിലെ കാര്‍ത്തികനാളിലാണ് തിരുവാഭരണം ചാര്‍ത്തിയുള്ള കാര്‍ത്തിക ദര്‍ശനം. ചൊവ്വാഴ്ച രാവിലെ 10.30 ന് ആരംഭിക്കുന്ന കാർത്തിക ദർശനം വൈകിട്ട് 6.30ന് ദീപാരാധന വരെ നീണ്ടു നിൽക്കും.

രാവിലെ 5 ന് ഭഗവതിയുടെ തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഹരിപ്പാട് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. 8.30 ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള എതിരേൽപ്പ് മണ്ഡപത്തിൽ നിന്നും പതിമൂന്ന് കരക്കാരും ഭക്തജനങ്ങളും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചാനയിക്കും. ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ദർശനം നടത്തുന്നതിന് ഫ്ളൈഓവർ , ബാരിക്കേഡ് സിസ്റ്റം അടങ്ങിയ വിപുലമായ സൗകര്യങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത് . കൂടാതെ രാവിലെ 11 മുതൽ അന്നദാനവും ഉണ്ടായിരിക്കും.

വൈകിട്ട് 6.30 മുതൽ 8 വരെ ക്ഷേത്ര ചരിത്രത്തിൽ ആദ്യമായി പാരമ്പര്യ കുത്തിയോട്ട ആശാൻമാർ ഒരുമിച്ച് നടത്തുന്ന കുത്തിയോട്ടം ഉണ്ടായിരിക്കും. പാരമ്പര്യ തനിമയോടെ ദേവീ മാഹാത്മ്യം കഥയാണ് ആശാൻമാർ ഒത്തുചേർന്ന് ഭഗവതിക്ക് മുന്നിൽ പാടുന്നത് . 8 പാദം വരുന്ന പാട്ടിനൊപ്പം താനവട്ടം പാടുന്നതിന് ആയിരത്തോളം പാട്ടുകാരും, ചുവടു ചവുട്ടുന്നതിന് മൂവായിരത്തോളം ചുവടുകാരും ഉണ്ടാവും. ഈ ചടങ്ങ് ചരിത്ര സംഭവമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷനും , കുത്തിയോട്ട ആശാന്മാരും ആരംഭിച്ചു കഴിഞ്ഞു.

Related Articles

Latest Articles