Tuesday, May 14, 2024
spot_img

“ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കി!”- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇഡി

റായ്‌പൂർ : നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായുള്ള വിവരം ഇഡി വെളിപ്പെടുത്തി. ഇഡിയെ ഉദ്ധരിച്ച് പ്രമുഖ ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇപ്പോൾ മഹാദേവ് ആപ്പ് ഉടമകള്‍ അന്വേഷണം നേരിടുകയാണ്.

ഛത്തീസ്ഗഡിൽ 5.39 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ അസിം ദാസ് എന്നയാളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയതായുള്ള വിവരം ഇഡിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. പണം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ‘ബാഗേൽ’ എന്നയാൾക്ക് നൽകാനുള്ളതാണെന്ന് ഇയാൾ മൊഴി നൽകിയതായി ഇഡി പറയുന്നു. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയാക്കിയതില്‍ നിന്നും മഹാദേവ് നെറ്റ്‌വര്‍ക്കിലെ ഉദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരം ലഭിച്ചത്.

ദീർഘകാലമായി മഹാദേവ് ആപ് ഉടമകള്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പണം നല്‍കുന്നുണ്ടെന്നും ഇതുവരെ 508 കോടി രൂപ നല്‍കിയതായും ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

Related Articles

Latest Articles