Sunday, April 28, 2024
spot_img

നിർണ്ണായക മത്സരത്തിൽ ഡച്ച് പടയെ തകർത്ത് അഫ്ഗാനിസ്ഥാൻ !സെമി പ്രതീക്ഷ നിലനിർത്തി; പാകിസ്ഥാനെ പിന്തള്ളി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുയർന്നു

ലക്നൗ : നിർണായക മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഏഴു വിക്കറ്റിന്റെ വമ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ. ഇന്നത്തെ ജയത്തോടെ ഏഴു മത്സരങ്ങളിൽ നിന്നുള്ള തങ്ങളുടെ നാലാം ജയവുമായി അഫ്ഗാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാനാണ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ വിജയം നേടാനായാൽ അഫ്ഗാന് തങ്ങളുടെ ആദ്യ ലോകകപ്പ് സെമി സ്വപ്നം കാണാം.

നെതർലൻഡ്സ് ഉയർത്തിയ 180 റൺസ് എന്ന സാമാന്യം ചെറിയ വിജയലക്ഷ്യം 31.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. റഹ്മത് ഷാ (54 പന്തിൽ 52), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹീദി (64 പന്തിൽ 56) എന്നിവരുടെ അർദ്ധ സെഞ്ചുറികളാണ് അഫ്ഗാന്റെ ജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റിൽ റഹ്മത് ഷായും ഹഷ്മത്തുല്ല ഷഹീദിയും ചേർന്ന് സ്‌കോർ ബോർഡിൽ എത്തിച്ച 74 റൺസ് അഫ്ഗാൻ ഇന്നിങ്സിൽ നിർണ്ണായകമായി. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്, റോളഫ് വാൻഡര്‍ മെർവ്, , സകിബ് സുൽഫികർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലൻഡ്സ് 46.3 ഓവറില്‍ 179 റൺസിനാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 86 പന്തുകളിൽനിന്ന് 58 റൺസെടുത്ത സൈബ്രാൻഡ് എങ്കൽബെച്ച്, മാക്സ് ഒ ദൗത് (40 പന്തിൽ 42), കോളിൻ അക്കർമാൻ (35 പന്തിൽ 29) എന്നിവരൊഴികെ ആർക്കും മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയാതെ വന്നതോടെയാണ് ഡച്ച് പട കുഞ്ഞൻ സ്‌കോറിൽ ഒതുങ്ങിയത്. അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് നബി മൂന്നും നൂർ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Related Articles

Latest Articles