തിരുവനന്തപുരം: നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ കര്‍ശന നടപടിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വലിയ കാലതാമസമെടുക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍. സമ്മേളനങ്ങളില്‍ പല വകുപ്പുകളും മറുപടി നല്‍കുന്നില്ലെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
കുഞ്ഞന്തനുള്‍പ്പെടെയുള്ള സിപിഎമ്മുകാരായ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിലെ മാനദണ്ഡം, മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വിദേശ യാത്രവിവരങ്ങള്‍, ശബരിമല സ്ത്രീ പ്രവേശന ഉത്തരവിനെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുടെ വിശദാംശങ്ങള്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പിന്‍വലിച്ച ക്രിമനല്‍ കേസുകള്‍ തുടങ്ങി പ്രതിപക്ഷ എംഎല്‍എമാര്‍ ചോദിച്ച പ്രധാന ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നത്.
13-ാം നിയമസഭ സമ്മേളനത്തിലെ 50 ചോദ്യങ്ങള്‍ക്കും 14 സമ്മേളനത്തിലെ 77 ചോദ്യങ്ങള്‍ക്കും ഇതേ വരെ ഉത്തരം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ആഭ്യന്തരം, ധനകാര്യം, നിയമവകുപ്പുകളാണ് മറുപടി നല്‍കുന്നതില്‍ വീഴ്ചവരുത്തനെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുണ്ടാകണമെന്ന സ്പീക്കര്‍ റൂളിംഗ് നല്‍കിയിട്ടും അത് നടപ്പിലായില്ലെന്ന് പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദശം.
അതേസമയം ഇത്തരം പരാതികള്‍ ഭാവിയിലുണ്ടാകാതിരിക്കാന്‍ സെക്രട്ടറിമാര്‍ കര്‍ശന നടപടികളെടുക്കണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

