കോഴിക്കോട് : പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരവുമായി യുവതിയുടെ കുടുംബം. കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് മുൻപിലാണ് കുടുംബത്തിന്റെ സമരം. കുന്നമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
എന്നാൽ ഡോക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റ് വേണമെന്നാവശ്യപ്പെട്ട് ഡോക്ടേഴ്‌സ് വെള്ളിയാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കുന്നമംഗലം സ്വദേശിനി ഹാജറ നജയുടെ കുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാ പിഴവുമൂലമാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് കേസ് എടുക്കാൻ തയ്യാറായില്ല. എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. അതേസമയം ഫാത്തിമ ആശുപത്രിയിലെ കാർഡിയോളിജിസ്റ്റ് ഡോ.അശോകനെ യുവതിയുടെ ബന്ധുക്കൾ മർദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

