Saturday, June 15, 2024
spot_img

പീഡനത്തിനിരയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്; അതിജീവിതയ്ക്ക് സംരക്ഷണം നൽകുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ

പാലക്കാട് : പോക്സോ കേസിൽ പതിമൂന്നുകാരിയായ പെൺകുട്ടിക്ക് സംരക്ഷണം നൽകുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ. അതിജീവിതയ്ക്കായി സപ്പോർട്ട് പേഴ്സനെ ഒരുക്കും. ആശ്വാസ നിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കും.വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ വ്യക്തമാക്കി.

ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണം അതിജീവിതക്ക് നൽകണമെന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു.നിയമ നടപടികൾ പൂർത്തിയാകും വരെ അത് തന്നെയാണ് നല്ലത്. അവിടെ കുട്ടി സംരക്ഷിത ആയിരിക്കും എന്നുറപ്പുണ്ട്. അതിജീവിതയ്ക്ക് നീതി കിട്ടിയേ മതിയാകൂ. അതിനായി എന്ത് പ്രയാസപ്പെട്ടും കേസുമായി മന്നോട്ട് പോകുമെന്നും കുട്ടിയുടെ അമ്മയുടെ സഹോദരി വിശദീകരിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ അതീജിവിതയെ ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മർദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി പറഞ്ഞിരുന്നു.

Related Articles

Latest Articles