ദില്ലി: 15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ തുടങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ (Vaccine) 2022 ജനുവരി 3 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സിനേഷൻ എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ഊര്‍ജിതമാക്കാനാണ് തീരുമാനം. കേരളത്തിൽ വാക്‌സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ ഉണ്ടെന്നാണ് കണക്ക്.
അതേസമയം ജനുവരി പത്ത് മുതൽ അറുപത് വയസ് പിന്നിട്ടവർക്കും ആരോഗ്യ പ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് തീരുമാനം. ഗുരുതര രോഗമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 45 നും 59 നും ഇടയിലുള്ള ഗുരുതര രോഗമുള്ളവർക്ക് വാക്സിൻ നൽകിയ മാതൃകയിലായിരിക്കും ബൂസ്റ്റർ ഡോസ് നൽകുക.

