പാലക്കാട്: അട്ടപ്പാടി ആശുപത്രിയിൽ കുട്ടികളുടെ ഐസിയു സെപ്തംബര്‍ പതിനഞ്ചിനകം സജ്ജമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗം മന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയുവിന് പണം അനുവദിച്ചിട്ടും അത് പ്രവര്‍ത്തന സജ്ജമായില്ലായിരുന്നു.
അട്ടപ്പാടിയിലെ ആശുപത്രിയുടെ വികസനത്തിനായി ഏഴേ കാല്‍ കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇതേത്തുടര്‍ന്ന് കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ആശുപത്രിയില്‍ നടന്നിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടണമെന്നും ഐസിയു സെപ്തംബര്‍ പതിനഞ്ചിനകം സജ്ജമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
അംഗനവാടി, കുടുംബശ്രീ പ്രവര്‍ത്തകരുടേയും മറ്റ് ട്രൈബല്‍ പ്രമോട്ടര്‍മാരുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മന്ത്രി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കള്‍ അട്ടപ്പാടിയിലെ ട്രൈബുകളാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

