ദില്ലി: പശ്ചിമ ബംഗാളിൽ കുട്ടികളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ച് ബാലാവകാശ കമ്മീഷൻ. മമതാ സർക്കാർ കുട്ടികളുടെ താൽപ്പര്യങ്ങൾ അവഗണിക്കുകയാണെന്നും കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും ബാലാവകാശ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോയാണ് രാഷ്‌ട്രപതിയെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ല. അതിനായുള്ള യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ബംഗാളിൽ 40ൽ അധികം കുട്ടികൾ ബോംബ് സ്‌ഫോടനത്തിന് ഇരയായതായും കമ്മീഷൻ രാഷ്‌ട്രപതിയെ അറിയിച്ചു. സംസ്ഥാനത്തെ കുട്ടികളുടെ സംരക്ഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹകരണം ആവശ്യമാണെന്നും എന്നാൽ സംസ്ഥാന ഭരണകൂടം അതിന് തടസം നിൽക്കുകയാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
ബംഗാളിലെ കുട്ടികളെ കടത്തുന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മമതാ സർക്കാരിൽ നിന്നും ബാലാവകാശ സംഘടനയിലെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

