ആലപ്പുഴ: മുത്തച്ഛന്‍റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പിടിച്ച് ബാലിക മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് കുട്ടി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേഴപ്ര വില്ലുവിരുത്തിയിൽ ആന്‍റണി, ലീന ദമ്പതികളുടെ മകൾ ലീന ആന്‍റണിയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച സൺഡേ സ്‌കൂൾ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി വേഴപ്ര സെന്‍റ് പോൾസ് പള്ളിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പള്ളിയിലെ കല്ലറയിൽ നേരത്തെ ഒപ്പീസ് പ്രാർത്ഥന നടന്നിരുന്നു. ടീന പ്രാർത്ഥനക്ക് ശേഷം മുത്തച്ഛന്‍റെ കല്ലറയിൽ പൂക്കൾ വെക്കാൻ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനക്കായി കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നു പിടിച്ചു.
ടീനയുടെ സുഹൃത്തുക്കളായ കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ പള്ളി ഭാരവാഹികൾ തീ അണച്ച ശേഷം കുട്ടിയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പൊള്ളലേറ്റതിനെ തുടർന്ന് പരിക്ക് ഗുരുതരമായിരുന്നതിനാൽ പിന്നീട് ടീനയെ എറണാകുളത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെയാണ് ടീന മരണത്തിന് കീഴടങ്ങിയത്.

