Friday, December 26, 2025

ചൈനയിലെ വിമാന അപകടം; രണ്ടാം ദിനവും വിമാനത്തില്‍ ഉണ്ടായിരുന്ന ആരെയും കണ്ടെത്താനായില്ല

ചൈന: ചൈനയിൽ നടന്ന വിമാന അപകടത്തിൽ രണ്ടാംദിനം നടത്തിയ തിരച്ചിലിലും തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 132 പേരുമായി പറന്ന വിമാനം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് തകര്‍ന്നുവീണത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ വിമാനത്തിലുണ്ടായിരുന്നവരെയാരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവി അറിയിച്ചു. അപകടം നടന്ന് 18 മണിക്കൂറുകള്‍ക്കു ശേഷമാണ് സിസിടിവി ഇക്കാര്യം വ്യക്തമാക്കിയത്.

തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകർന്ന് വീണത്. ഗുവാങ്ഷി മേഖലയിലെ വുഷൂ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.11-ന് പറന്നുയര്‍ന്ന വിമാനം 3.05-ന് ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് 2.22-ന് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.

അപകടത്തിനു പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിടെ ചൈനയിലുണ്ടായ വലിയ വ്യോമദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്. 132 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles