Monday, May 13, 2024
spot_img

‘നവ്യ, എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്’; ഒരുത്തീയെ പ്രശംസിച്ച് പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ

വി.കെ പ്രകാശിന്റെ സംവിധാനത്തിൽ നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ഒരുത്തീ’യെ പ്രശംസിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. വളരെ അനായാസമായാണ് നവ്യ നായർ ചിത്രത്തിൽ അഭിനയിച്ചതെന്നും ഗംഭീര പ്രകടനമായിരുന്നുവെന്നും സിനിമ കണ്ടതിനു ശേഷം ഗായിക സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരുത്തീയിലെ നവ്യയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സിത്താരയുടെ പോസ്റ്റ്.

‘നവ്യ… എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു VKP! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി’ – സിത്താര കൃഷ്ണകുമാർ കുറിച്ചു.

അതേസമയം 10 വർഷത്തെ ഇടവേളയ്ക്കു ശേഷം നവ്യ നായർ മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. സൈജു കുറുപ്പ്, വിനായകന്‍, തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. എസ്.സുരേഷ് ബാബു തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് നിർമിച്ചിരിക്കുന്നത്.

Related Articles

Latest Articles