Wednesday, January 7, 2026

ഭാരതത്തിൽ ഭരണമാറ്റമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നു ! നീക്കങ്ങൾ ചൈനീസ് എംബസി വഴി !മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ് “

ദില്ലി : ഭാരതത്തിലെ രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കാനും ഭരണമാറ്റത്തിന് ശ്രമിക്കാനും ചൈന ശ്രമിക്കുന്നതായിഭാരതത്തിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിലെ മുന്‍ പ്രസിഡന്റായിരുന്ന ലൊബ്‌സാങ് സങ്‌ഗെ. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

“അധികാരത്തിലുള്ള ഉന്നതരെ വിലയ്‌ക്കെടുക്കുക എന്നത് ചൈനയുടെ ഒരു പഴയ തന്ത്രമാണ്,” അദ്ദേഹം പറഞ്ഞു. “നേതാക്കൾ, ബുദ്ധിജീവികൾ, വ്യവസായികൾ, മാദ്ധ്യമപ്രവർത്തകർ, ഇപ്പോൾ യൂട്യൂബർമാർ എന്നിവരെയെല്ലാം അവർ വിലയ്‌ക്കെടുക്കുന്നു. ടിബറ്റ്, സിൻജിയാങ്, മംഗോളിയ എന്നിവിടങ്ങളിൽ അവർ നുഴഞ്ഞുകയറിയത് ഇതേ രീതിയിലാണ്. ഭാരതത്തിലും അവർ ഇത് ആവർത്തിക്കാൻ ശ്രമിക്കുകയാണ്.”

ബീജിങ്ങിന്റെ രാഷ്ട്രീയ തന്ത്രങ്ങളിൽ നിന്ന് ഇന്ത്യ സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ദില്ലിയിലെ ചൈനീസ് എംബസിയുടെ ദേശീയ ദിനാഘോഷങ്ങൾ നോക്കുക. അതിൽ ആരൊക്കെ പങ്കെടുക്കുന്നുണ്ടെന്ന് പരിശോധിക്കുക. രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും മറ്റ് പ്രമുഖരുടെയും ചിത്രങ്ങൾ അവിടെ കാണാം. അവരെല്ലാവരും വിലയ്‌ക്കെടുക്കപ്പെട്ടവരല്ല. പക്ഷേ ചൈനീസ് എംബസി നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു,” ഡോ. സംഗയ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ബീജിങ് പാവ ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന സമാന്തരങ്ങളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. “നേപ്പാളിൽ ഒരു പാർട്ടി ചൈനീസ് പക്ഷത്തും മറ്റൊന്ന് ഇന്ത്യൻ പക്ഷത്തുമാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ ചൈന ഭരണവർഗ്ഗത്തെ വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. പാകിസ്താനിൽ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ചൈനയെ പിന്തുണയ്ക്കുന്നു. ഇതാണ് എലൈറ്റ് കാപ്ചർ അഥവാ ഉന്നതരെ വശത്താക്കുക എന്ന തന്ത്രം,” അദ്ദേഹം വിശദീകരിച്ചു.

ചൈനയുടെ സ്വാധീന തന്ത്രങ്ങൾ ദക്ഷിണേഷ്യയിൽ ഒതുങ്ങുന്നില്ലെന്നും ഡോ. സംഗയ് പറഞ്ഞു. “ചൈനയെ പ്രശംസിച്ച യൂറോപ്പിലെ മന്ത്രിമാർ പിന്നീട് ചൈനീസ് കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ഡയറക്ടർമാരായി ജോലി നേടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചില കേസുകളിൽ വർഷം $888,000 വരെ ശമ്പളം ലഭിക്കുന്നു. ഇങ്ങനെയാണ് ചൈന സ്വാധീനം വിലയ്‌ക്കെടുക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “എല്ലാവരും അതീവ ജാഗ്രത പുലർത്തണം – ഭരണകക്ഷി, പ്രതിപക്ഷം, വ്യവസായ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവർ. തങ്ങളുടെ അജണ്ടയ്ക്ക് സഹായകമാകുമെങ്കിൽ ആരെ വിലയ്‌ക്കെടുക്കാനും ചൈനയ്ക്ക് മടിയില്ല.”- ലൊബ്‌സാങ് സങ്‌ഗെ പറഞ്ഞു.

Related Articles

Latest Articles