Tuesday, May 14, 2024
spot_img

പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട് മൂന്ന് മാസം; ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവിനെ കാണാനില്ല! ചൈനയിൽ അടുത്തിടെ അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ മന്ത്രി

ടോക്കിയോ : ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവിനെ കാണാനില്ല എന്ന് റിപ്പോർട്ട്. ജപ്പാനിലെ അമേരിക്കൻ സ്ഥാനപതിയാണ് ഇത്തരമൊരു സംശയം എക്സ് പ്ലാറ്റ് ഫോമിലൂടെ ഉന്നയിച്ചത്. ലി ഷാങ്ഫു മൂന്നാഴ്ചയായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിലാണ് ലീ (65) പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. ഏപ്രിലിൽ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) കൂട്ടായ്മയുടെ ഭാഗമായി ഭാരതം ആതിഥേയത്വം വഹിച്ച പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയിരുന്നു.

മുൻനിശ്ചയിച്ച വിയറ്റ്നാം യാത്ര അദ്ദേഹം നടത്തിയിരുന്നില്ല. സിംഗപ്പൂർ നാവികസേനയുടെ മേധാവിയുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചയും മാറ്റിവെച്ചിരുന്നു. കഴിഞ്ഞ മാസം 29നാണ് ചൈനീസ് പ്രതിരോധമന്ത്രി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ആഫ്രിക്കൻ രാജ്യങ്ങളുടെ പരിപാടിയിൽ പ​ങ്കെടുത്തായിരുന്നു അദ്ദേഹം പൊതുവേദിയിലെത്തിയത്. എന്നാൽ, അതിന് ശേഷം അദ്ദേഹത്തെ ​പൊതുവേദിയിൽ കണ്ടിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ചൈനയിൽ അടുത്തിടെ അപ്രത്യക്ഷനായ രണ്ടാമത്തെ മന്ത്രിയാണ് ലീ. നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങ്ങിനെ ഒരു മാസത്തോളം കാണാതായിരുന്നു. പിന്നീട് അദ്ദേഹത്ത തത് സ്ഥാനത്ത് നിന്ന് പുറത്താക്കി എന്ന വാർത്തയും പുറത്ത് വന്നു. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തൻ കൂടിയായിരുന്നു ചിൻ ഗാങ്. കടുത്ത മാദ്ധ്യമ സെൻസർഷിപ്പ് നിലവിലുള്ള ചൈനയിൽ സത്യങ്ങൾ പുറം ലോകത്ത് എത്താനുള്ള സാദ്ധ്യതയും കുറവാണ്. ഉന്നതരെ കാണാതാകുന്ന സംഭവങ്ങൾ ചൈനയിൽ പുതിയതല്ല. സമ്പന്ന വ്യവസായി ദുവാൻ വെയിഹോങ് 5 വർഷത്തോളം അപ്രത്യക്ഷയായിരുന്നു. ഉപപ്രധാനമന്ത്രിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നിസ് താരം പെങ് ഷുവായും ഏറെക്കാലം അജ്ഞാത വാസത്തിലായിരുന്നു.

Related Articles

Latest Articles