ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത അസൾട്ട് റൈഫിൾ സ്കോപ്പ് കണ്ടെടുത്തു. അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയിൽ അത്യാധുനികമായ ആയുധ അനുബന്ധ ഉപകരണം കണ്ടെത്തിയത് സുരക്ഷാ ഏജൻസികളെ കടുത്ത ജാഗ്രതയിലാക്കിയിട്ടുണ്ട്. ജമ്മു മേഖലയിലെ അസ്രാരാബാദിൽ ആറുവയസ്സുകാരൻ ഒരു വസ്തുവുമായി കളിക്കുന്നത് കണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. കളിപ്പാട്ടമെന്ന് കരുതി കുട്ടി ചപ്പുചവറുകൾക്കിടയിൽ നിന്ന് എടുത്തുകൊണ്ടുവന്ന ഈ ഉപകരണം റൈഫിളുകളിലും സ്നൈപ്പർ തോക്കുകളിലും ഘടിപ്പിക്കാവുന്ന സ്കോപ്പാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
സംഭവത്തെത്തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം വളയുകയും വിശദമായ തിരച്ചിൽ നടത്തുകയും ചെയ്തു. ആരെങ്കിലും മനഃപൂർവ്വം ഉപേക്ഷിച്ചതാണോ ഇതെന്ന സംശയത്തിൽ സിന്ദ്ര മേഖലയിലേക്കും പരിശോധന വ്യാപിപ്പിച്ചു. സിന്ദ്രയിൽ നിന്ന് ഔദ്യോഗികമായി കസ്റ്റഡിയിലെടുത്ത ഈ ഉപകരണം ഇപ്പോൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിനെയും (SOG) പ്രദേശത്ത് വിന്യസിച്ചു.
കേസുമായി ബന്ധപ്പെട്ട് അനന്ത്നാഗ് സ്വദേശിയും ഇപ്പോൾ സാമ്പ ജില്ലയിൽ താമസക്കാരനുമായ 24 വയസ്സുകാരൻ തൻവീർ അഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള നമ്പറുകൾ കണ്ടെത്തിയതായാണ് സൂചന. സ്കോപ്പ് കണ്ടെടുത്ത സംഭവത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. അതിർത്തി കടന്നുള്ള ബന്ധങ്ങളും വിദേശ നിർമ്മിത സ്കോപ്പ് ഇവിടെ എത്തിയ വഴികളും പോലീസ് അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.
അതേസമയം മേഖലയിൽ സുരക്ഷ ശക്തമാക്കിയെങ്കിലും ജനം പരിഭ്രാന്തരാകേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. നിലവിൽ സിവിലിയൻ സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും എന്നാൽ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പോലീസ് വക്താവ് വ്യക്തമാക്കി. സാങ്കേതിക വിശകലനത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും ആയുധക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ.

