Tuesday, May 14, 2024
spot_img

യാക്കോബായ-ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി; സഭകൾ തമ്മിലുള്ളത് ആഴത്തിലുള്ള തര്‍ക്കമെന്നും ശ്രമിക്കുന്നത് സമന്വയത്തിനെന്നും പിഎസ് ശ്രീധരൻ പിള്ള

ദില്ലി: കേരളത്തിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം യാക്കോബായ സഭാ പ്രതിനിധികള്‍ പ്രതികരിച്ചു. അതേസമയം സുപ്രീം കോടതി വിധിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ. ഇരു സഭകളുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയേയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്നമാണെന്നും പ്രശ്ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണമെന്നും പിഎസ് ശ്രീധരൻ പിള്ള ചർച്ചകൾക്കുശേഷം വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. സഭകളുമായി ഉള്ളത് നല്ല ബന്ധമാണ്. ഗവര്‍ണറെന്ന നിലയിൽ പരിധികളെയും പരിമിതികളെയും കുറിച്ച് ബോധവാനാണ്. അത് ലംഘിക്കാതെയാണ് സഭാ പ്രതിനിധികൾക്ക് ചര്‍ച്ചക്ക് ഉള്ള സൗകര്യം ഒരുക്കിയതെന്നും പിഎസ് ശ്രീധരൻ പിള്ള വിശദീകരിച്ചു.

സഭാ പ്രതിനിധികൾ കാണണമെന്ന് ആവശ്യപ്പെതിനെത്തുടർന്നാണ് ചര്‍ച്ചക്ക് സാഹചര്യം ഒരുങ്ങിയത്. കേരളത്തിൽ വിവേചനം അനുഭവിക്കുന്നു എന്നായിരുന്നു സഭാ പ്രതിധികളുടെ പരാതി. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള നടപടിയുമായി ശ്രീധരൻ പിള്ള മുന്നോട്ട് പോയത്. ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Related Articles

Latest Articles